വായനയുടെ പ്രാധാന്യം
ഒരു കുട്ടി വായനയില്‍ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകള്‍ ചേര്‍ന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നതും കണ്ണുകൊണ്ട് സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു വായന കുട്ടിയുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു.
വായനയുടെ പ്രാധാന്യമറിയുന്ന രക്ഷിതാക്കളോ അദ്ധ്യാപകരോ വായനയുടെ ലോകത്ത് മറ്റൊന്നുമറിയാതെ കഴിയുന്ന കുട്ടിയെ കാണുമ്പോള്‍ അകമേ സന്തോഷിക്കുന്നു. എനിക്കോര്‍മ്മയുണ്ട്. എന്റെ പ്രിയപ്പെട്ട ഒരദ്ധ്യാപകനെ: മാധവന്‍ മാഷ്. മാധവന്‍ മാഷ് കായിക പരിശീലനത്തിന്റെ അദ്ധ്യാപകനാണ്. ഫിസിക്കല്‍ എജ്യുക്കേഷന്റെ ഭാഗമായി മാഷ് ഡ്രില്‍ നടത്തും. ചിലപ്പോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. എനിക്ക് ആ നേരം വായിക്കനായിരുന്നു ഇഷ്ടം. കഥാപുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരിക്കും. സ്കൂളിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യുമ്പോള്‍, ഞാന്‍ ചീനമര ചോട്ടിലിരുന്ന് വായിക്കുന്നു. മാധവന്‍ മാഷ് എനിക്കതിനനുവാദം തന്നിരുന്നു. പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മാഷ് പറഞ്ഞു: നീ ഇങ്ങനെ വായിക്കുന്നത് കാണുമ്പോള്‍ എനിക്കാ സന്തോഷം. കായികാദ്ധ്യാപകനായിരുന്നെങ്കിലു ം മാഷിന് വായനയുടെ പ്രാധാന്യം അറിയാമായിരുന്നു.
അതറിയാത്തവരാണെങ്കിലോ ? വായിക്കുന്ന കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഏത് നേരവും ഇങ്ങനെ കഥയും വായിച്ച് കുത്തിയിരുന്നോ. ചില കുട്ടികള്‍ പാഠപുസ്തകം മാത്രമേ വായിക്കാവൂ. കഥയോ കവിതയോ വായിച്ചാല്‍ ശകാരം. പഠനം എന്നതവര്‍ക്ക് പാഠപുസ്തകവായന മാത്രം. ചില രക്ഷിതാക്കളും അദ്ധ്യാപകരും ഏത് പുസ്തകങ്ങള്‍ വായിക്കണമെന്നതിന് നിഷ്കര്‍ഷ വയ്ക്കുന്നു. കഥയിങ്ങനെ വായിച്ചിട്ടെന്താ പ്രയോജനം ? വല്ല പൊതുവിജ്ഞാന ഗ്രന്ഥമൊക്കെ എടുത്ത് വായിക്ക്. ചിലര്‍ വായിക്കുന്ന കുട്ടികളെ പഴിക്കുന്നു. ഇങ്ങനെ ചുരുണ്ട് കൂടിയിരിക്കാതെ പോയി വല്ലതും കളിക്ക്, വായിച്ച് തലതിരിഞ്ഞ് പോകുമെന്നാണ് ചിലര്‍ക്ക് ആശങ്ക. വായന ഒരാളിന്റെ വ്യക്തിത്വവികസന പ്രക്രിയയില്‍ വഹിക്കുന്ന സാരവത്തായ പങ്ക് ഇക്കൂട്ടര്ക്കാര്ക്കുമറിയില് ല.
വായനയുടെ ചരിത്രം
വായന മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും, അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും, വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിതുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്തുത്താന്‍ മാര്‍ഗ്ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. കല്ലിലും മണ്ണിലും ആദ്യകാലങ്ങളില്‍ ആദിമ മനുഷ്യര്‍ എഴുത്ത് തുടങ്ങി. ഗുഹാ മുഖങ്ങളില്‍ പറയാനുള്ള ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. ആദ്യകാലങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങള്‍ എഴുതി. പില്‍ക്കാലത്ത് മണ്‍കട്ടകളിലെഴുത്ത് തുടങ്ങിയതോടെ വായനക്ക് പൊതു മാര്‍ഗ്ഗങ്ങളുണ്ടായി തുടങ്ങി. മൃഗത്തോലിലും മരപ്പലകയിലുമെഴുത്ത് തുടര്‍ന്നപ്പോള്‍ എഴുതിയത് കൈമാറാനും കാത്തുസൂക്ഷിക്കാനും എളുപ്പമായി. പിന്നീടത് മരത്തോലിലും ഓലകളിലുമായി. ചൊല്ലിക്കേള്‍പ്പിച്ച കാവ്യങ്ങളും കഥകളും വായനക്കായി പുതിയ മാര്‍ഗ്ഗം തേടിയതിങ്ങനെയാണ്. പന്ത്രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അക്ഷരലിപികള്‍ മണ്‍കട്ടയിലേക്കും പിന്നീട് ക്രമേണ ഓലകളിലേക്കുമൊക്കെ പടര്‍ന്ന്‍ കയറിയത്. വായനയുടെ ചരിത്രത്തിനുള്ള പ്രായവും ഇതുതന്നെ.
വായനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഘട്ടം കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. ഋഷികളില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും വായന സാധാരണക്കാരിലേക്ക് നീങ്ങിയത് അങ്ങനെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്കാരികമായ വിപ്ലവമായി മാറി. അച്ചടി വിദ്യയിലെ സാങ്കേതിക വളര്‍ച്ച ഒരു ഗ്രന്ഥം ഒരേ സമയം പലരിലുമെത്തിച്ചു. വായന ചിന്താശേഷിയുടെയും സര്‍ഗ്ഗവായനയുടേയും നവീനമാര്‍ഗ്ഗമായി മാറിയതിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കം മാത്രമുള്ളൂ. കുറഞ്ഞ കാലം കൊണ്ട് വായന മനുഷ്യവര്‍ഗ്ഗത്തിന്റെ ഉന്നതമായ വികാസ പരിണാമത്തിന് കാരണമാകുകയും ചെയുതു. മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്തിയും അപഗ്രഥനശേഷിയും വായനയിലൂടെയാണ് വികസിക്കുന്നത്. സര്‍ഗ്ഗശേഷിയുടെ പടികള്‍ ഇറാന്‍ കഴിഞ്ഞത് മറ്റൊന്നും കൊണ്ടല്ല. സംഘരചന വ്യക്തിപരമായ ഏര്‍പ്പാടായി മാറിയതും അങ്ങനെയാണ്. ഇന്ന് വായന പുതിയ രൂപങ്ങള്‍ തേടുന്നു. പുസ്തകവായന കമ്പ്യൂട്ടറിലേക്കും ലാപ്ടോപ്പ് റീഡിങ്ങിലേക്കും മാറിയിരിക്കുന്നു. വായനയുടെ വികാസ പരിണാമമറിഞ്ഞ്, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നത് പലതുകൊണ്ടും പ്രാധാന്യമുള്ളതായി തീര്‍ന്നിരിക്കുന്നു.
വായനയുടെ പ്രയോജനങ്ങള്‍
- വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
- സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
- ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.
- ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
- വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.
- വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.
വായനയുടെ പ്രയോജനങ്ങള്‍ ഇതിനപ്പുറമാണ്. അത് പൊതുവായ ചില ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് പോലെ ഓരോ വ്യക്തിക്കും പ്രയോജനവും ചെയ്യുന്നുണ്ട്. ഓരോ കുട്ടിക്കും ഓരോ തരത്തില്‍ വായന സമ്പുഷ്ടമായ ഒരു പ്രക്രിയയായി മാറുന്നുവെന്നര്‍ത്ഥം. ചിലര്‍ക്ക് ബൗദ്ധികമായ കാര്യങ്ങളിലും ചിലര്‍ക്ക് ചിന്താശക്തിയുടെ വളര്‍ച്ചയിലുമാണ് ഗുണം ചെയ്യുന്നതെങ്കില്‍ മറ്റ് പല കുട്ടികള്‍ക്ക് ഭാവനയും സര്‍ഗവാസനയും കൂട്ടുവാന്‍ സഹായിച്ചേക്കും. ചിലര്‍ക്ക് ഏത് ജോലിയിലായാലും സവിശേഷമായ വ്യക്തിപ്രഭാവം കാണിക്കാന്‍ വായന സഹായിക്കുന്നു. ചിലര്‍ക്കാവട്ടെ ഏറ്റവുമനുയോജ്യമായ ഒരു കരിയര്‍ കണ്ടെത്താന്‍ വഴിയൊരുക്കുന്നു. കലാവാസനയും ഭാവനയുമുള്ള പ്രൊഫഷണലുകളുടെ, ഗവേഷണ തത്പരതയുള്ള ഇദ്യോഗസ്ഥരെ, സാംസ്കാരിക ലോകത്തെ അറിയുന്ന രാഷ്ട്രീയ നേതാക്കളെ ഉണ്ടാക്കിയെടുക്കാനും വായന വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏത് മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ക്രിയാശേശി വളര്‍ത്താനും എന്നും സജീവമായിരിക്കാനും വായനയുടെ ലോകം സഹായിക്കുന്നുണ്ട്. ഈ സാധ്യതകളെയാണ് വായന പ്രോത്സാഹിപ്പിക്കുന്ന, വായനയുടെ നൂതന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്ന അധ്യാപകരോ രക്ഷിതാക്കളോ വിലംതിക്കാനും കണ്ടെത്താനും ശ്രമിക്കുന്നത്.
മുതിര്‍ന്നവരും കുട്ടികളുടെ വായനയും
വായനയിലുള്ള താല്പര്യം വളര്‍ത്താന്‍ കുഞ്ഞുകുട്ടികളായിരിക്കുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കുകളോ സ്പഷ്ട ശബ്ദമോ ഉച്ചരിക്കാന്‍ കഴിയാത്ത കാലത്ത് തന്നെ കുട്ടികള്‍ക്ക് കൊച്ചു കഥകളോ നഴ്സറി പാട്ടുകളോ പറഞ്ഞു കൊടുക്കണം. ഉപദേശകഥകളോ കൊച്ചു നാടോടി കഥകളോ പറഞ്ഞു കൊടുക്കാം. കഥകളിലെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നാടകീയമായി പറഞ്ഞു കൊടുക്കുക. കഥയിലെ ആശയം തിരിച്ചറിയാനാവാത്ത കാലത്ത് കുട്ടികള്‍ അത് അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കും. കുട്ടികളില്‍ ആകാംക്ഷയും കേള്‍ക്കാനുള്ള താല്‍പര്യവും അതുണ്ടാക്കുന്നു. പില്‍ക്കാലത്ത് കഥ വായിക്കാനും കവിത ചൊല്ലാനുമൊക്കെ കഥ കേള്‍ക്കല്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി തീരുന്നു. കഥയിലേയോ കവിതയിലേയോ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷ്മതലങ്ങളില്‍ ദൃശ്യവല്‍ക്കരിച്ച് കാണാന്‍ വായന ആവശ്യമാണ്. അലറിച്ചാടുന്ന ഒരു സിംഹത്തെ കുറിച്ച് വായിക്കുന്ന ഒരു കുട്ടിയുടെ മനസ്സില്‍ സജീവമായ ഒരു ചിത്രം വിടരുന്നുണ്ട്. ആശയങ്ങളെ ദൃശ്യമായി കാണുന്ന കുട്ടിയ്ക്ക് വായന വര്‍ണ്ണശബളിമയാര്‍ന്ന ഒരനുഭവത്തിന്റെ തീവ്രതയാണ് പകുത്ത് നല്‍കുന്നത്. വായനയില്‍ നിന്ന് ലഭിക്കുന്ന ആശയമോ സന്ദേശമോ കുട്ടി മനസ്സില്‍ വച്ച് ഭാവനയ്ക്കനുസരിച്ച് വളര്‍ത്തിയെടുക്കുന്നു. സര്‍ഗ്ഗശേഷിയുടെ സവിശേഷ തലങ്ങളിലേക്കാണ് ഈ സഞ്ചാരം.
കുട്ടികള്‍ക്ക് ചെറുപ്പത്തിലേ ബാലപ്രസിദ്ധീകരണങ്ങള്‍ സമ്മാനമായി നല്‍കണം. പഠനത്തിലോ മറ്റെന്തെങ്കിലും കാര്യങ്ങളിലോ നേട്ടമുണ്ടാക്കുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങളോ പ്രസിദ്ധീകരണങ്ങളോ സമ്മാനമായി നല്‍കാനാണ് അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്. കളിക്കോപ്പുകളേക്കാള്‍ മേന്മയേറുന്ന വളര്‍ച്ച ഉറപ്പ് വരുത്തുന്നത് വായനയാണ്. അതുകൊണ്ട് തന്നെ ജന്മദിനത്തിനും പരീക്ഷാ വിജയത്തിനും പുസ്തകങ്ങള്‍ നല്‍കി പ്രോത്സാഹനം നല്‍കുക. വായനയിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ആദ്യമൊക്കെ കഥയോ നാടകമോ വായിച്ച് കേള്‍പ്പിക്കണം. അത് വായിക്കാനുള്ള താല്പര്യം കൂട്ടുന്നു. നാടകീയമായ അവതരണം ശ്രദ്ധയെ കേന്ദ്രീകരിപ്പിച്ച് പരിശീലനം നല്‍കുന്നു. വായിച്ച് കേള്‍ക്കുന്ന കുട്ടി പുസ്തകങ്ങള്‍ കയ്യിലെത്തുമ്പോള്‍ എമ്പാടും ആഹ്ലാദിക്കുന്നു. അക്ഷരങ്ങള്‍ പഠിച്ചുവരുന്നു. ഉച്ചാരണവും ശബ്ദനിയന്ത്രണവും വശമാക്കുന്നു. സ്വന്തമായി വായിച്ചെടുക്കാനാവുമ്പോള്‍ പുസ്തകം പ്രിയപ്പെട്ടതായി തീരുന്നു.
വായനയുടെ പടവുകള്‍
കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കളും അദ്ധ്യാപകരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
- കുട്ടിയുടെ പ്രായം പരിഗണിച്ചാവണം പുസ്തകങ്ങള്‍ നല്‍കേണ്ടത്. ഒന്നോ രണ്ടോ വയസ്സുളളപ്പോള്‍ തടിച്ച പേജുകളുള്ള ചിത്ര പുസ്തകങ്ങള്‍ നല്‍കുക. പേജുകള്‍ കീറിപ്പറിക്കാനുതകുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. വലിയ ചിത്രങ്ങളും ഒന്നോ രണ്ടോ വാക്കുകളുമുള്ള ലാമിനേറ്റ് ചെയ്ത പേജുകളോടെയുള്ള പുസ്തകങ്ങളാണിവ.
- ഏച്ചുകൂട്ടി വായിച്ച് തുടങ്ങുന്ന കുട്ടികള്‍ക്ക് നാലഞ്ച് വയസ്സാകുമ്പോള്‍ വര്‍ണ്ണചിത്രങ്ങളും കുറഞ്ഞ വരികളുമുള്ള പുസ്തകങ്ങള്‍ വായനക്ക് കൊടുക്കുക. ചിത്രങ്ങളില്‍ നിന്ന് ആശയങ്ങളുടെ തുടര്‍ച്ച പിന്തുടരാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ചിത്രങ്ങളില്‍ നിന്ന് കഥകളിലേക്ക് പരിണമിക്കുന്നു.
- വായിക്കാന്‍ തുടങ്ങുന്ന കുട്ടികള്‍ക്ക്, എട്ടൊമ്പത് വയസ്സ് വരെ സാരോപദേശ കഥകള്‍, നാടോടി കഥകള്‍, പുരാവൃത്ത കഥകള്‍ തുടങ്ങിയവ നല്‍കുക. താളത്തില്‍ വായിക്കാനും വായിച്ചു പഠിക്കാനുമാവുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. കുടികളുടെ സര്‍ഗ്ഗശേഷിയുണര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാവുന്നതാണ്.
- പത്ത് വയസ്സിനും പതിനാല് വയസ്സിനുമിടയിലുള്ള കുട്ടികളുടെ വായന പല മേഖലകളിലേക്കും നീങ്ങാന്‍ ഇടയുണ്ട്. വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ ചില കുട്ടികള്‍ തിരഞ്ഞെടുത്തേക്കും. പദ്യഗ്രന്ഥങ്ങള്‍ ചിലര്‍ക്ക ഇഷ്ടമായിരിക്കും. വലിയ പുസ്തങ്ങളും വായിച്ച് തുടങ്ങുന്നു. സാഹസിക കഥകള്‍, അത്ഭുത കഥകള്‍, ഇതിഹാസ കഥകള്‍ തുടങ്ങിയവ പല കുട്ടികള്‍ക്കും ഈ പ്രായത്തില്‍ ഇഷ്ടമായിരിക്കും. ശാസ്ത്രവിഷയത്തില്‍ താല്പര്യമുണ്ടാക്കാനും, ചരിത്ര കൗതുകമുണര്‍ത്താനും ഉതകുന്ന ഗ്രന്ഥങ്ങള്‍ കുട്ടികള്‍ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുന്നു.
- അതാത് ഭാഷയിലെ ക്ലാസ്സിക് ഗ്രന്ഥങ്ങള്‍, പ്രശസ്ത സാഹിത്യരചനകള്‍ എന്നിവ കൗമാരകാലത്തോടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തേണ്ടതാണ്. വായനയുടെ ആഴങ്ങളറിയാന്‍ പരിശീലനം നല്‍കുക. വായിച്ചതിനെ കുറിച്ച് ചിന്തിക്കാനും പറയാനും കുട്ടികള്‍ ശ്രമിക്കേണ്ടതുണ്ട്. വായിച്ച ഗ്രന്ഥങ്ങളെ കുറിച്ച് കുറിപ്പുകളെടുത്ത് വയ്ക്കുന്നതും നല്ലതാണ്. വായനയിലൂടെ ചിലര്‍ എഴുത്തിന്റെ വഴികളിലേക്ക് നീങ്ങിത്തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്.
- പഠനഗ്രന്ഥങ്ങള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍, സാഹിത്യഗ്രന്ഥങ്ങള്‍ തുടങ്ങിയവ വായിക്കാന്‍ കൌമാരത്തോടെ കുട്ടികള്‍ക്കാവണം. അതിനനുസൃതമായി പരിശീലനം മുതിര്‍ന്നവര്‍ നല്‍കണം. തിരഞ്ഞെടുത്ത വായന ചിലര്‍ ശീലമാക്കി മാറ്റുന്നു. വായനയുടെ പ്രയോജനം ഈ ഘട്ടത്തോടെ പലതലങ്ങളിലും പ്രകടമാവുന്നു.
വായനയുടെ പ്രയോജനപ്രദമായ വികാസത്തിന് കുട്ടികളുടെ പ്രിയം, താല്പര്യം, ഭാവന തുടങ്ങിയവ പരിഗണിക്കണം. വായന, വ്യക്തിക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായി മാറുന്നു.
വായിക്കാനുള്ള പഠനം
വായിക്കാനും പഠിപ്പിക്കേണ്ടതുണ്ട്. ആദ്യമൊക്കെ ശരീരഭാവങ്ങളോടെ വായിച്ച് അവതരിപ്പിക്കാന്‍ ശീലിപ്പിക്കുക. സംഭാഷണങ്ങള്‍ക്കനുസൃതമായ മുഖഭാവം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. ഉച്ചാരണ ശുദ്ധിയും കഥയുടെയോ കവിതയുടെയോ ഈണവും ഉച്ചത്തില്‍ വായിച്ച് ശീളിപ്പിക്കാന്‍ സാധിക്കും. എത്ര വായിച്ചു എന്നതിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. എന്ത് വായിച്ചുവെന്നതും എങ്ങനെ വായിച്ചുവെന്നതും പ്രധാനപ്പെട്ടതാണ്. വായിച്ചത് എത്രത്തോളം ഗ്രഹിച്ചു. വായിച്ചത് എത്രത്തോളം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നു എന്നത് നോക്കേണ്ടതാണ്. വായിച്ചതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോളത് നേരിട്ട് അറിയാനാവില്ലെന്ന് മാത്രം. കുഞ്ഞുണ്ണി മാഷ് എഴുതിയത് വായനയെ സഫലമായ ഒരു കര്‍മ്മമാക്കി മാറ്റാന്‍ സഹായിക്കാതിരിക്കില്ല. “ഞാന്‍ കേള്‍ക്കുമാറ് വായിക്കണം എന്നാല്‍ എന്താണ് ഗുണമെന്നല്ലേ ? എനിക്ക് പകുതിയും വായിച്ച് മനസ്സിലാകുന്നില്ല. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് പരാതി പറയുന്ന പലരും വായിക്കുന്നത് അവര്‍ കേള്‍ക്കുന്നുണ്ടാവില്ല. വായാനാപരിശീലനത്തിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. അവനവന്‍ കേള്‍ക്കുമാറ് വായിച്ചു തുടങ്ങുക. ഒരു പ്രാവശ്യം അല്‍പം ഉച്ചത്തിലും ഒരു പ്രാവശ്യം നിശബ്ദമായും. എന്നിട്ട് പുസ്തകമടച്ച് വയ്ക്കുക. എന്നിട്ട് വായിച്ചതെന്തെന്ന് ചിന്തിക്കുക – എന്നുവച്ചാല്‍ മനസ്സില്‍ പറയുക. പറയാനറിയുന്നില്ലെങ്കില്‍ ഒരു വട്ടം കൂടി വായിക്കുക. പുസ്തകമടച്ചും വായിക്കുക. വായിച്ചതെന്തെന്ന് മനസ്സില്‍ പറയുക. വായിച്ച വാചകം അതേപടി വാചകമായി പറയണ്ട കേട്ടോ. വായിച്ചതിലെ കാര്യം സ്വന്തം വാക്കില്‍ പറഞ്ഞാല്‍ മതി. വായിച്ചത്തിലെ കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിയണമെന്നു മാത്രം. അങ്ങനെ പറയാന്‍ സാധിക്കുന്നത് വരെ വായിക്കണം.” കുഞ്ഞുണ്ണിമാഷിന്റെ നിര്‍ദ്ദേശങ്ങളില്‍ നിന്നൊരു കാര്യം വ്യക്തം. വായിക്കാനും ഗ്രഹിക്കാനും പരിശീലനം വേണം. നാലഞ്ചാഴ്ചകളിലെങ്കിലും തുടര്‍ച്ചയായി ഈ വിധം പരിശീലനം നടത്തിയാല്‍ വായനാശീലം വായനാഫലവും പ്രകടമായി വരും.
വായനയും സര്‍ഗ്ഗശേഷിയും
വായന സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. വായന അഭിരുചിയുടെ യഥാര്‍ത്ഥ സത്ത കണ്ടെത്താന്‍ സഹായിക്കുന്നു. വിമര്‍ശകനായ ബാലചന്ദ്രന്‍ വടക്കേടത്ത് പറയുന്നു. പുസ്തകത്തിന്റെ സ്പഷ്ടത അതിന്റെ ചലനമാണ്. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള അതിന്റെ കഴിവാണ്. എന്നാല്‍ പ്രതിമയാകട്ടെ അല്ലെങ്കില്‍ മറ്റെന്തുമാവട്ടെ, വളരെ അകലെ നിന്ന് ആസ്വദിക്കാനേ നമ്മെ അനുവദിക്കുന്നുള്ളൂ. പുസ്തകം പുറത്ത് നില്‍ക്കാതെ അകത്തേക്ക് കടന്നുവരുവാന്‍ വായനക്കാരോട് സദാ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ചലിപ്പിക്കുന്നത് നമ്മുടെ ആഴത്തെയാണ്.
Nice
മറുപടിഇല്ലാതാക്കൂNi
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂFair
മറുപടിഇല്ലാതാക്കൂFair
മറുപടിഇല്ലാതാക്കൂNot bad
മറുപടിഇല്ലാതാക്കൂ@keralapublication
മറുപടിഇല്ലാതാക്കൂ